കൊല്ലം: പശ്ചിമേഷ്യന്‍ യുദ്ധത്തിനു പിന്നാലെ ജപ്പാനും നേപ്പാളും ഇന്ത്യന്‍ മാമ്പഴത്തിന്റെ ഇറക്കുമതി നിരോധിച്ചതിനെത്തുടര്‍ന്നു വിലയിടിഞ്ഞ മാമ്പഴ വില മഴ കനത്തതോടെ കൂപ്പുകുത്തി. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ കനത്തതോടെ മാമ്പഴം വേണ്ടാതായി.
മാമ്പഴത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ കര്‍ണാടകത്തിലും തമിഴ്നാട്ടിലും കിളിച്ചുണ്ടന്‍ മാങ്ങയ്ക്ക് കൃഷിയിടത്തില്‍ മൂന്നു രൂപയായി വിലയിടിഞ്ഞു. അതോടെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പലയിടത്തും വിളവെടുപ്പ് നിര്‍ത്തിവച്ചു.
യുദ്ധം ആരംഭിച്ചതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ പ്രധാന മാങ്ങ കയറ്റുമതി സംസ്ഥാനങ്ങള്‍ കയറ്റുമതിക്കായി ഉത്പാദിപ്പിച്ച മാങ്ങ ആഭ്യന്തര വിപണിയിലേക്കിറക്കിയതോടെയാണ് വില ഇടിഞ്ഞുതുടങ്ങിയത്. വിലകൂടിയതും ജനപ്രിയ ഇനങ്ങളുമായ അല്‍ഫോന്‍സ, മൽഗോവ മാങ്ങ വിലക്കുറവില്‍ വിപണിയിലെത്തി. ഈ ഇനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജപ്പാന്, അറബി നാടുകളിലേക്കും കയറ്റി അയയ്ക്കുന്നവയാണ്.
അതിനിടെ സാധാരണ ഇനം മാമ്പഴങ്ങളും വിപണിയില്‍ എത്തിത്തുടങ്ങി. തമിഴ്നാട്ടിലെ പ്രധാന മാമ്പഴ ഉത്പാദന മേഖലകളായ കൃഷ്ണഗിരി, സേലം, ധര്‍മപുരി, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെയും മറ്റു മാങ്ങകളുടെയും വില കുത്തനേ ഇടിഞ്ഞു. അതോടെ പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി.
കര്‍ണാടക, അന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇക്കുറി മാങ്ങയുടെ വിളവെടുപ്പ് വൈകി. കാലാവസ്ഥാ വ്യതിയാനം കാരണം മാവ് പൂക്കുന്നത് വൈകിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അപ്രതീക്ഷത മഴയില്‍ മാമ്പൂവു കൊഴിഞ്ഞുപോയി. പിന്നീട് മാവുകള്‍ ഒരുമിച്ചു പൂവിടുകയും ഒന്നിച്ചു മൂപ്പെത്തുകയും ചെയ്തു. മാങ്ങ ഒന്നിച്ചു വിളവെടുപ്പിനു പാകമായി. യുദ്ധം കാരണം കയറ്റുമതി നിലച്ചതോടെ പറിച്ചെടുത്ത മാങ്ങ മുഴുവന്‍ വിപണിയിലേക്ക് ഒരുമിച്ചെത്തുകയായിരുന്നു.
കര്‍ണാടകയില്‍ ഏകദേശം 1.49 ലക്ഷം ഹെക്ടറിലാണ് മാവ് കൃഷി ചെയ്യുന്നത്. കോലാര്‍, ചിക്കബെല്ലാപുര്‍, രാമനഗര്‍, ബംഗളൂരു റൂറല്‍, തുമകുരു ജില്ലകളാണ് പ്രധാന മാമ്പഴ കൃഷി മേഖലകള്‍. സംസ്ഥാനത്തെ മാമ്പഴ ഉത്പാദനത്തിന്റെ 60 ശതമാനവും ഈ പ്രദേശങ്ങളിലാണ്. ബാക്കി 40 ശതമാനം വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി, ധാര്‍വാഡ്, ഹാവേരി, കൊപ്പല്‍, ഗദഗ് ജില്ലകളില്‍ നിന്നാണ്.
ആന്ധ്രയിലെ പ്രധാന മാവ് കൃഷി കേന്ദ്രമായ ബംഗനപ്പള്ളിയിലും വൈകിയാണ് മാവു പൂത്തത്. മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ആന്ധ്ര മാമ്പഴവും വിപണിയിലെത്തി. പശ്ചിമേഷ്യന്‍ യുദ്ധം കാരണം ഇത്തവണ മാങ്ങ കയറ്റുമതി 20 ശതമാനമായി ഇടിഞ്ഞു. മേയ് വരെയുള്ള കണക്കുപ്രകാരം 40 ശതമാനം കയറ്റുമതി കരാര്‍ റദ്ദാക്കിയിരുന്നു.
ജപ്പാനിലും നേപ്പാളിലും ഇന്ത്യന്‍ മാമ്പഴത്തിന് വിലക്ക്
ജപ്പാനു പിന്നാലെ നേപ്പാളും ഇന്ത്യന്‍ മാമ്പഴത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത് മറ്റൊരു തിരിച്ചടിയായി. ഇന്ത്യയില്‍ നിന്നുള്ള മാങ്ങയില്‍ ഫംഗസും റൂട്ട് വില്‍റ്റ് ഡിസീസ് രോഗാണുക്കളെയും കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വൃക്ഷങ്ങളിലെ രോഗങ്ങള്‍ ജപ്പാനിലേക്ക് മാങ്ങ വഴി പകരാതിരിക്കാനാണ് ജപ്പാന് വിലക്ക് ഏര്‍പ്പെടുത്തിയത്.
മാങ്ങയില്‍ അമിതമായ അളവിൽ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേപ്പാള്‍ ഇന്ത്യന്‍ മാമ്പഴം നിരോധിച്ചത്. ജപ്പാനും നേപ്പാളും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ച മാമ്പഴം വിലക്കുറവില്‍ കേരള വിപണിയില്‍ വിറ്റഴിക്കുകയാണ്.
മുതലമടയ്ക്കു തിരിച്ചടി
കേരളത്തിലെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമടയില്‍ മാങ്ങ സീസണും കയറ്റുമതിയും ആരംഭിക്കുന്ന സമയത്താണ് പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചത്. ഇതോടെ കയറ്റുമതി നിലച്ചു.
കിലോയ്ക്ക് 800 രൂപയ്ക്കുവരെ വിറ്റ മാമ്പഴത്തിന്റെ വില 30 രൂപയായി കൂപ്പുകുത്തി. ബംഗനപ്പള്ളി, ചക്കരക്കുട്ടി, ചന്ദ്രക്കാരന്‍ തുടങ്ങി 50ഓളം ഇനങ്ങളാണ് മുതലമടയില്‍ കൃഷി ചെയ്യുന്നത്. മാവ് കൃഷിയില്‍ ജീവിതം നയിക്കുന്ന മുതലമടക്കാര്ക്ക് പശ്ചിമേഷ്യന്‍ യുദ്ധം കയ്പുനീരാണ് സമ്മാനിച്ചത്. ഇന്ത്യയില്‍ ആദ്യം മാങ്ങ പാകമാകുന്നത് പാലക്കാട്ടെ മുതലമടയിലാണ്.
അതിനാല്‍ മുതലമട മാങ്ങയ്ക്ക് ലോകത്തെമ്പാടും ആവശ്യക്കാരുണ്ട്. വിപണിയില്‍ മറ്റിടങ്ങളില്‍ നിന്നുള്ള മാങ്ങ വന്നുതുടങ്ങാത്തതിനാല് മുതലമട മാങ്ങയ്ക്ക് മുന്തിയ വില ലഭിക്കുന്നു. ഡിസംബര്‍ മുതല്‍ മേയ് വരെയാണ് മുതലമട മാങ്ങയുടെ സീസണ്.